മലയാളം അധ്യാപനവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ക്ഷണിക്കുന്നു...... എല്ലാ വായനക്കാരും സഹകരിക്കുമല്ലോ.......

13 July 2011

ഊര്‍മ്മിളയുടെ നൊമ്പരം

ഊര്‍മ്മിളയുടെ നൊമ്പരം
മൂകവും വാചാലവുമായിരുന്നു
സര്‍വ്വോപരി,
സത്യവും ആത്മാര്‍ത്ഥവുമായിരുന്നു
ലക്ഷ്മണാ , നീയതറഞ്ഞിട്ടും
അറിയാത്തതായി നടിച്ചു
വീരകര്‍മ്മങ്ങളാല്‍,ആദര്‍ശപുരുഷനായ്
ഭാതൃഭക്തനായ് ,ചരിത്രത്തിന്റെ
രാജസിംഹാസനത്തിന്‍ ചാരേ
നീ,അവരോധിതനായി
നിന്റെ ഊര്‍മ്മിളയോ?
ഒരുതേങ്ങലായ്
സ്ത്രീത്വത്തിന്റെ നെടുവീര്‍പ്പായി
ആത്മാവിന്റെ ചക്രവാളങ്ങളിലിന്നും
അശാന്തിയുടെ ചിറകടിച്ചു കേഴുന്നു
ത്യാഗത്തിന്റെ മേല്‍ക്കുപ്പായവും
ധര്‍മ്മത്തിന്റെ ചമയങ്ങളുമണി‍ഞ്ഞ
പുരുഷകര്‍മ്മങ്ങളുടെ സ്വാര്‍ത്ഥതയാല്‍
അഗണ്യ കോടിയിലേയ്ക്ക്
എറിയപ്പെടുകയായിരുന്നില്ലേ
നിന്റെ ഊര്‍മ്മിളയെന്നു
ലക്ഷ്മണാ നീ ഓര്‍ത്തുവോ ?
അവളുടെ ആത്മനൊമ്പരങ്ങളും
നിശബ്ദമായ തേങ്ങലുകളും
ലക്ഷമണരേഖയ്ക്കു മുന്നില്‍
നിസ്സഹായമാകുന്നതു കണ്ടിട്ടും
എന്തേ ലക്ഷ്മണാ നീ
പതിധര്‍മ്മം മറന്നുവോ
രാമഭക്തിയില്‍?
അവതാരലക്ഷ്യം നേടിയ
സാഫല്യത്തോടെ നീ
സംസാരമുക്തനായെങ്കിലും
നിന്റെ ഊര്‍മ്മിള
ഇന്നുമൊരു തേങ്ങലായ്
ഇവിടെ തുടരുന്നൂ.....................
ലക്ഷ്മണാ , നീയതറിയുന്നുവോ?
നിന്റെ ഊര്‍മ്മിളയെ എന്നെങ്കിലും
ലക്ഷ്മണാ , നീയറിഞ്ഞുവോ?

                                     പയസ്സ് കുര്യന്‍
                                     സെന്റ്തോമസ്സ്  ഹൈസ്ക്കൂള്‍
                                     പാല , കോട്ടയം

Followers