മലയാളം അധ്യാപനവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ക്ഷണിക്കുന്നു...... എല്ലാ വായനക്കാരും സഹകരിക്കുമല്ലോ.......

26 May 2010

കവിത


ഒരു യാത്രാമൊഴി


വിരമിക്കലി൯ താപനിശ്വാസമേറ്റൊരെ൯

മനതാര് മൂകമായ് കേണിടുന്നു

സ്മൃതിപഥത്തിന്റെ നെരിപ്പോടില്‍ നീറും

കനല്‍ക്കട്ടയായിന്നു തീ൪ന്നിടുന്നു


ഒത്തിരി ഒത്തിരി കാര്യങ്ങള്‍ ചൊല്ലുവാ-

നാവാതെ കണ്ഠം കുഴഞ്ഞിടുന്നു

പറയേണ്ടതൊക്കെ പറയുവാനാവാതെ

പതറുന്നു നാവു വരണ്ടിടുന്നു

എങ്കിലും ചൊല്ലട്ടെ ഈ നിമിഷത്തില്‍ ഞാ൯,

നിങ്ങടെ സാന്നിധ്യം തീരുകില്ല

നോക്കിലും വാക്കിലും ക൪മ്മത്തിലും കൂടെ

നല്കിയ നന്മ നിലയ്കുകില്ല

പക൪ന്നോരറിവിന്റെ നിര്‍വൃതിയിലിനി

ചാരിതാ൪ത്ഥ്യത്തോടെ വിശ്രമിക്കാം.


പൊയ് പ്പോയ ജീവിതബാക്കിപത്രത്തില്‍

തങ്കലിപിയില്‍ കുറിച്ചുവയ്ക്കാം

അധ്യാപനത്തിന്റെ ജിവിതപ്പാതയില്‍

'അധ്യാപക൯'തന്നെ ആയിരുന്നു

നല്ല ഒരു അധ്യാപക൯തന്നെ ആയിരുന്നു


അമ്പിളി .എസ്

ഗവ:വി.എച്ച്.എസ്.എസ്.ഏറ്റുമാനൂ൪ (പാലാ വിദ്യാഭ്യാസ ജില്ല)


15 May 2010

കവിത


ചത്തത് ജനമെങ്കില്‍ കൊന്നതാര് ?

യുദ്ധം കഴിഞ്ഞു !

ഭാരതയുദ്ധം കഴിഞ്ഞു !

ചത്തത് കീചകനെങ്കില്‍

കൊന്നത് ഭീമ൯ തന്നെ !

ധ൪മ്മാധ൪മ്മങ്ങള്‍ക്ക് പുതിയമാനങ്ങളായ് ...

എങ്കിലുമിവിടൊരു ചോദ്യമുദിക്കുന്നു

ചത്തത് ജനമെങ്കില്‍ കൊന്നതാര് ?

ചത്തത് ജനമെങ്കില്‍ കൊന്നതാര് ?


അന്വേഷണം

അന്വേഷണത്തിന്റെ നീണ്ടു നീണ്ട വഴികള്‍

അറുപത്, അറുപത്തിയൊന്ന്, അറുപത്തിരണ്ട് വ൪ഷങ്ങള്‍

നാല്പത്തിയേഴിന്റെ അ൪ദ്ധരാത്രിക്കും

നാല്പത്തിയെട്ടിന്റെ ഇരുണ്ട പകലിനും

സലാം പറഞ്ഞ് മുന്നേറിയത്

അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍

ആവോളം നുണഞ്ഞുകൊണ്ട് ...

ആവോളംപങ്കിട്ടെടുത്തുകൊണ്ട് ...

എങ്കിലും ഇനിയൊരു ചോദ്യം അവശേഷിക്കുന്നു

ഈ പാവം ജനത്തിനെ കൊന്നതാര് ?


യാഥാ൪ത്ഥ്യങ്ങള്‍

ചേരികളേറുമ്പോള്‍

വയറു കായുമ്പോള്‍

പാഠപുസ്തകം അന്യം നില്ക്കുമ്പോള്‍

അച്ഛ൯, അമ്മ, ആങ്ങള, പെങ്ങള്‍

എന്നീ വാക്കുകളുടെ അ൪ത്ഥം മറക്കുമ്പോള്‍

മറക്കാ൯ പ്രേരിപ്പിക്കുമ്പോള്‍

ഇങ്ങനെ കൊന്നതാര് ?ഈ പാവം ജനത്തിനെ ?


കുറ്റപത്രം

സംശയത്തിന്റെ നിഴലില്‍ ഏറെപ്പേരുണ്ട്

ജനാധിപത്യത്തിന്റെ കാവലാളന്മാ൪ ...

കുത്തക മുതലാളിമാ൪ ...

ലോക പോലീസ് ...

മാധ്യമ സി൯ഡിക്കേറ്റ് ...

തെളിവെടൂപ്പിനായി നൂതന തന്ത്രങ്ങള്‍

ബ്രയി൯ മാപ്പിംഗ് ..

നാ൪ക്കോ അനാലിസിസ് ..

കുറ്റപത്രം

വാദം - പ്രതിവാദം

എങ്കിലുമിനിയൊരു ചോദ്യം അവശേഷിക്കുന്നു

ഇങ്ങനെ കൊന്നതാര് ?

ഈ പാവം ജനത്തിനെ ?

ചത്തത് ജനമെങ്കില്‍ കൊന്നതാര് ?


വിധി

നീതിപീഠവും സാംസ്കാരിക നായകന്മാരും

ഒരുമിച്ച് കൈകഴുകി

തെളിവുകള്‍ പൂ൪ണ്ണമല്ല ...

തെളിവുകള്‍ വിശ്വാസയോഗ്യമല്ല ...

ഒന്നും ഉറപ്പിച്ചു പറയാനാവുന്നില്ല

വിധി പറയാനാവാത്ത ഒരു കേസായി

ഇതു പ്രഖ്യാപിക്കുന്നു .

എങ്കിലും ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നു.

ഈ പാവം ജനത്തിനെ കൊന്നതാര് ?

കഴിഞ്ഞ അറുപതു വ൪ഷമായി

കൊന്നുകൊണ്ടിരിക്കുന്നത് ആരാണ്

ഒന്നുമാത്രം ഉറപ്പിക്കാം

ചത്തത് ജനം തന്നെ!

ചത്തത് ജനമെങ്കില്‍ കൊന്നതാര് ?


അനന്തകൃഷ്ണതമ്പുരാ൯ (കെ.ആ൪.ബി., ഗവ:എച്ച്.എസ്.എസ്.പാലാ.)

പാലാ വിദ്യാഭ്യാസ ജില്ല

9 May 2010

പൂവാശേരി പാലം പണിക്കിടയില്‍ സംഭവിച്ചതെന്ത് ? - വീഡിയോ റിപ്പോര്‍ട്ട്

സംസ്ഥാനത്തെ മലയാളം അധ്യാപരുടെ കൂട്ടായ്മയായ മലയാളരഥം ഒരുങ്ങി കഴിഞ്ഞപ്പോള്‍ എല്ലാ സ്കൂളുകളില്‍ നിന്നും മികച്ചസൃഷ്ടികള്‍ അയച്ചു തരുവാന്‍ ആവശ്യപ്പെട്ടിരുന്നല്ലോ. ആ കൂട്ടത്തില്‍ കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍ ഗവ.ഹൈസ്കൂള്‍ നിര്‍മ്മിക്കുകയും ബ്ലോഗിലേക്ക് അയച്ചുതരുകയും ചെയ്ത വാര്‍ത്താറിപ്പോര്‍ട്ട് ഇവിടെ ചേര്‍ക്കുകയാണ്.

അധ്യയനവും അധ്യാപനവും ക്ലാസ് മുറികളുടെ ചുവരുകളില്‍ നിന്നും പുറത്തിറങ്ങിക്കഴിഞ്ഞു. മാത്രമല്ല വിവര സാങ്കേതികവിദ്യ വിജ്ഞാന സമ്പാദനത്തിനും വിതരണത്തിനും നാം പരമാവധി പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നു. മാറ്റങ്ങള്‍ക്കു നേരേ കണ്ണടച്ചിരുട്ടാക്കുന്നവര്‍ അറിയാതെ പിന്‍തള്ളപ്പെട്ടു പോകും. നമ്മള്‍ അങ്ങനെ ആകാതിരിക്കാന്‍ ആത്മാത്ഥമായി പരിശ്രമിച്ചാലേ കഴിയൂ. മാഞ്ഞൂര്‍ ഗവ.ഹൈസ്കൂളിലെ കുട്ടികളും അധ്യാപകരും ചേര്‍ന്ന് നിര്‍മിച്ച ഈ വാര്‍ത്താ റിപ്പോര്‍ട്ട് ഈ മാറ്റങ്ങളുടെ ശംഖൊലിക്ക് മികച്ച ഉദാഹരണമാണ്.

ചുറ്റുപാടുകളിലേക്കൊന്ന് കണ്ണോടിക്കൂ... സമൂഹവും പ്രകൃതിയും ആകാശവുമാകട്ടെ നമ്മുടെ ഏറ്റവും വലിയ പാഠപുസ്തകം. ഭാഷാ ക്ലാസുകളിലെ വ്യഹാര രൂപങ്ങളുടെ ആവിഷ്കാരം നോട്ടു ബുക്കുകളില്‍ നിന്ന് ദൃശ്യമാധ്യമത്തിലേക്ക് പറിച്ചു നടപ്പെട്ടതിന്റെ ഒരു നേര്‍കാഴ്ച്ചയാണിവിടെ. ഇതിലൂടെ സമൂഹത്തിലേക്കിറങ്ങി ചെന്ന് സാമൂഹിക പ്രശ്നങ്ങളോട് പ്രതികരിക്കാന്‍ ഒരു ഉദാത്തമായ അവസരം കൂടി കുട്ടികള്‍ക്ക് ലഭിക്കുന്നു. ഭാഷാ ക്ലാസുകള്‍ ഇപ്രകാരം സജീവമായാലോ ?


------------------------------------------------------------
സംവിധാനം
:
രാധാകൃഷ്ണന്‍ കെ.സി, എച്ച്.എസ്.എ. മലയാളം,
നിധിന്‍ ജോസ്, എല്‍.പി.എസ്.എ‍.
ലിന്സിചാക്കോ, യു.പി.എസ്.എ.
------------------------------------------------------------
റിപ്പോര്‍ട്ടര്‍
:
ഭാഗ്യലക്ഷമി പി.സി.- Std : 9
------------------------------------------------------------
ക്യാമറ
:
അനൂപ് ജോസഫ് -Std: 9 (മേല്‍നോട്ടം - നിധിന്‍ ജോസ്)
-----------------------------------------------------------
എഡിറ്റിംഗ്, ശബ്ദ സംയോജനം :
നിധിന്‍ ജോസ്
-----------------------------------------------------------
സഹായം
:
എ.എം. ബേബി, H.M.
------------------------------------------------------------
ഗവ.ഹൈസ്കൂള്‍ മാഞ്ഞൂര്‍
-----------------------------------------------------------
പ്രത്യേക നന്ദി
: (For Video Camera)
ജോസ് സാര്‍
എച്ച് എം. ഗവ. വി.എച്ച്.എസ്.എസ് . കാണക്കാരി ------------------------------------------------------------മികച്ചരീതിയില്‍ പ്രവര്‍ത്തിച്ചു പോരുന്ന മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയത്തിന്റെ സ്കൂള്‍ ബ്ലോഗ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഈ വാര്‍ത്താ റിപ്പോര്‍ട്ട് സ്കൂള്‍ ബോഗില്‍ പ്രസിധീകരിച്ചപ്പോള്‍ ലഭിച്ച അഭിപ്രായങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക(പോസ്റ്റ് തയാറാക്കി അയച്ചുതന്ന മാഞ്ഞൂര്‍ സ്കൂളിലെ രാധാകൃഷ്ണന്‍ സാറിന് പ്രത്യേകം നന്ദി.)
------------------------------------
മലായാളം ബ്ലോഗ് ടീം
----------------------------
പോസ്റ്റുകള്‍ അയച്ചുതരേണ്ട വിലാസം.
malayalamteam@gmail.com

Followers