മലയാളം അധ്യാപനവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ക്ഷണിക്കുന്നു...... എല്ലാ വായനക്കാരും സഹകരിക്കുമല്ലോ.......

15 May 2010

കവിത


ചത്തത് ജനമെങ്കില്‍ കൊന്നതാര് ?

യുദ്ധം കഴിഞ്ഞു !

ഭാരതയുദ്ധം കഴിഞ്ഞു !

ചത്തത് കീചകനെങ്കില്‍

കൊന്നത് ഭീമ൯ തന്നെ !

ധ൪മ്മാധ൪മ്മങ്ങള്‍ക്ക് പുതിയമാനങ്ങളായ് ...

എങ്കിലുമിവിടൊരു ചോദ്യമുദിക്കുന്നു

ചത്തത് ജനമെങ്കില്‍ കൊന്നതാര് ?

ചത്തത് ജനമെങ്കില്‍ കൊന്നതാര് ?


അന്വേഷണം

അന്വേഷണത്തിന്റെ നീണ്ടു നീണ്ട വഴികള്‍

അറുപത്, അറുപത്തിയൊന്ന്, അറുപത്തിരണ്ട് വ൪ഷങ്ങള്‍

നാല്പത്തിയേഴിന്റെ അ൪ദ്ധരാത്രിക്കും

നാല്പത്തിയെട്ടിന്റെ ഇരുണ്ട പകലിനും

സലാം പറഞ്ഞ് മുന്നേറിയത്

അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍

ആവോളം നുണഞ്ഞുകൊണ്ട് ...

ആവോളംപങ്കിട്ടെടുത്തുകൊണ്ട് ...

എങ്കിലും ഇനിയൊരു ചോദ്യം അവശേഷിക്കുന്നു

ഈ പാവം ജനത്തിനെ കൊന്നതാര് ?


യാഥാ൪ത്ഥ്യങ്ങള്‍

ചേരികളേറുമ്പോള്‍

വയറു കായുമ്പോള്‍

പാഠപുസ്തകം അന്യം നില്ക്കുമ്പോള്‍

അച്ഛ൯, അമ്മ, ആങ്ങള, പെങ്ങള്‍

എന്നീ വാക്കുകളുടെ അ൪ത്ഥം മറക്കുമ്പോള്‍

മറക്കാ൯ പ്രേരിപ്പിക്കുമ്പോള്‍

ഇങ്ങനെ കൊന്നതാര് ?ഈ പാവം ജനത്തിനെ ?


കുറ്റപത്രം

സംശയത്തിന്റെ നിഴലില്‍ ഏറെപ്പേരുണ്ട്

ജനാധിപത്യത്തിന്റെ കാവലാളന്മാ൪ ...

കുത്തക മുതലാളിമാ൪ ...

ലോക പോലീസ് ...

മാധ്യമ സി൯ഡിക്കേറ്റ് ...

തെളിവെടൂപ്പിനായി നൂതന തന്ത്രങ്ങള്‍

ബ്രയി൯ മാപ്പിംഗ് ..

നാ൪ക്കോ അനാലിസിസ് ..

കുറ്റപത്രം

വാദം - പ്രതിവാദം

എങ്കിലുമിനിയൊരു ചോദ്യം അവശേഷിക്കുന്നു

ഇങ്ങനെ കൊന്നതാര് ?

ഈ പാവം ജനത്തിനെ ?

ചത്തത് ജനമെങ്കില്‍ കൊന്നതാര് ?


വിധി

നീതിപീഠവും സാംസ്കാരിക നായകന്മാരും

ഒരുമിച്ച് കൈകഴുകി

തെളിവുകള്‍ പൂ൪ണ്ണമല്ല ...

തെളിവുകള്‍ വിശ്വാസയോഗ്യമല്ല ...

ഒന്നും ഉറപ്പിച്ചു പറയാനാവുന്നില്ല

വിധി പറയാനാവാത്ത ഒരു കേസായി

ഇതു പ്രഖ്യാപിക്കുന്നു .

എങ്കിലും ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നു.

ഈ പാവം ജനത്തിനെ കൊന്നതാര് ?

കഴിഞ്ഞ അറുപതു വ൪ഷമായി

കൊന്നുകൊണ്ടിരിക്കുന്നത് ആരാണ്

ഒന്നുമാത്രം ഉറപ്പിക്കാം

ചത്തത് ജനം തന്നെ!

ചത്തത് ജനമെങ്കില്‍ കൊന്നതാര് ?


അനന്തകൃഷ്ണതമ്പുരാ൯ (കെ.ആ൪.ബി., ഗവ:എച്ച്.എസ്.എസ്.പാലാ.)

പാലാ വിദ്യാഭ്യാസ ജില്ല

2 comments:

  1. ആധുനികമാണല്ലേ.... nice

    ReplyDelete
  2. ithu SUICIDE thanne...5 years koodumbol paavam janam thanne nadathunna suicide

    ReplyDelete

Followers