മലയാളം അധ്യാപനവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ക്ഷണിക്കുന്നു...... എല്ലാ വായനക്കാരും സഹകരിക്കുമല്ലോ.......

25 February 2011

പത്താം ക്ലാസ്സ്

വ്യാകരണചോദ്യങ്ങള്‍

1.പ്രയോഗവ്യത്യാസം കണ്ടെത്തുക
പത്രത്തില്‍ വാര്‍ത്ത വന്നു-ഇവിടെ വാര്‍ത്ത എന്നതിന് വര്‍ത്തമാനം,ന്യൂസ് എന്ന അര്‍ത്ഥമാണുള്ളത്
വെള്ളിയില്‍ വാര്‍ത്ത ശില്പം- ഇവിടെ വാര്‍ത്ത ഉണ്ടാക്കിയ എന്ന അര്‍ത്ഥമാണുള്ളത്

2.വാക്യം വികസിപ്പിക്കുക
പശു പുല്ല് തിന്നുന്നു.-കറുത്ത പശു പച്ച പുല്ല് ആര്‍ത്തിയോടെ തിന്നുന്നു.

3.വാക്യം മെച്ചപ്പെടുത്തുക
ജനങ്ങളുടെ ആധിപത്യമുള്ള ഭരണത്തിന്റെ സമ്പ്രദായം നിലനില്‍ക്കുന്ന ഇന്ത്യയില്‍ മതങ്ങളുടെ സൗഹാര്‍ദ്ദം എന്നും നിലനില്‍ക്കട്ടെ- ജനാധിപത്യഭരണസമ്പദായം നിലനില്‍ക്കുന്ന ഇന്ത്യയില്‍ മതസൗഹാര്‍ദ്ദം എന്നും നിലനില്‍ക്കട്ടെ.

4.മാറ്റിയെഴുതുക
മരക്കൊമ്പിലിരുന്ന കിളി പറന്നുപോയി മേഘങ്ങള്‍ക്കിടയില്‍ മറഞ്ഞു.
a.കിളി മരക്കൊമ്പിലിരുന്നു.
b.കിളി പറന്നു പോയി.
c.കിളിമേഘങ്ങള്‍ക്കിടയില്‍ മറഞ്ഞു.

5.ആവശ്യമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് വാക്യങ്ങള്‍ ശരിയാക്കിയെഴുതുക
പശുവിന്റെ കുട്ടി എത്ര ശ്രമിച്ചിട്ടും പുല്ല് തിന്നാന്‍ കൂട്ടാക്കിയില്ല.ഒടുവില്‍ കറവക്കാരന്‍ പശുവിന്റെ കുട്ടിയുടെ വായ പിളര്‍ത്തി പുല്ല് തിന്നു.-എത്ര ശ്രമിച്ചിട്ടും പശുക്കുട്ടി പുല്ല് തിന്നില്ല.ഒടുവില്‍ കറവക്കാരന്‍ അതിന്റെ വായപിളര്‍ത്തി പുല്ല് തീറ്റിച്ചു.

6.അര്‍ത്ഥവ്യത്യാസം കണ്ടെത്തുക
ആ നഗരം എത്ര അകലെയാണ് ? - ഇവിടെ "എത്ര ?" എത്രത്തോളം ദൂരെയാണ് (അകലെ) യാണ് എന്ന് ചോദിക്കുന്നു.
ആ നഗരം എത്ര അകലെയാണ് ! - ഇവിടെ "എത്ര !" എത്രത്തോളം ദൂരെയാണ് (അകലെ) യാണ് എന്ന് ആശ്ചര്യപ്പെടുന്നു.

7.താഴെ കൊടുത്തിരിക്കുന്ന വാക്യങ്ങളുടെ വ്യാകരണപരമായ സവിശേഷത എഴുതുക?
അമ്മുപഠിക്കുന്നു.അമ്മു മിടുക്കിയാണ്.
അമ്മുപഠിക്കുന്നു.അവള്‍ മിടുക്കിയാണ്.
അല്ലെങ്കില്‍
ആട് പച്ചമാവിന്റെ ഇല തിന്നു.
ആട് പച്ചമാവില തിന്നു.
(സര്‍വ്വനാമം ; വിഭക്തി)

8.ചുവടെ കൊടുത്തിരിക്കുന്ന വാക്യങ്ങളില്‍ അടിവരയിട്ടിരിക്കുന്ന പദങ്ങളുടെ അര്‍ത്ഥവ്യത്യാസം എഴുതുക

അവന്‍ നാട്ടിലേക്ക് പോയി.
അവള്‍ കര‍ഞ്ഞു പോയി.

അവന്‍ നാട്ടിലേക്ക് പോയി. എന്ന വാചകത്തില്‍ "പോകുക" എന്ന ക്രിയയുടെ ഭൂതകാലപ്രയോഗമായ "പോയി" ഉപയോഗിക്കുന്നു.എന്നാല്‍ അവള്‍ കര‍ഞ്ഞു പോയി. എന്നിടത്ത് "പോയി "എന്നതു അനുപ്രയോഗമാണ്.

9.ചുവടെ കൊടുത്തിരിക്കുന്ന വാക്യങ്ങളില്‍ അടിവരയിട്ടിരിക്കുന്ന പദങ്ങളുടെ അര്‍ത്ഥവ്യത്യാസം എഴുതുക
സ്വാഗതം ആശംസിക്കുന്നു.
സ്വാഗതം ആശംസിച്ചുകൊള്ളുന്നു.
ഒരു ധാതുവിന്റെ അര്‍ത്ഥത്തെയോ രൂപത്തെയോ പരിഷ്ക്കരിക്കാന്‍ അതിനു പിന്നാലെ ചേര്‍ക്കുന്ന ധാതുവിന് അനുപ്രയോഗം എന്നുപറയുന്നു. ഇവിടെ ആശംസിച്ചുകൊള്ളുന്നു എന്ന വാക്കില്‍ കൊള്ളുന്നു എന്നത് അനുപ്രയോഗമാണ്.

10.താഴെ കൊടുത്തിരിക്കുന്ന വാക്യങ്ങള്‍ക്ക് അര്‍ത്ഥപരമായ വ്യത്യാസം കണ്ടെത്തുക.

അയാള്‍ക്ക് തലവേദനയാണ്.
അയാളൊരു തലവേദനയാണ്.
ആദ്യത്തെ വാചകത്തില്‍ തലവേദന എന്നത് ഒരുരോഗവും രണ്ടാമത്തെ വാചകത്തില്‍ തലവേദന എന്നത് ബുദ്ധിമുട്ടും ആകുന്നു.

11.അര്‍ത്ഥവ്യത്യാസംകണ്ടെത്തുക.
പാത്രം താഴെ വീണ് പൊട്ടി.
പാത്രം താഴെ വീണ് പൊട്ടിപ്പോയി.
"പാത്രം താഴെ വീണ് പൊട്ടി" എന്നു പറയുമ്പോള്‍ വര്‍ത്തമാനകാലത്തില്‍ സംഭവിക്കുന്നതാണ്.എന്നാല്‍ "പാത്രം താഴെ വീണ് പൊട്ടിപ്പോയി.”എന്നാക്കുമ്പോള്‍ ഇവിടെ പാത്രം താഴെ വീണ് പൊട്ടി എന്ന ക്രിയയും "പോയി" എന്നത് അനുപ്രയോഗവും ആണ്

No comments:

Post a Comment

Followers