മലയാളം അധ്യാപനവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ക്ഷണിക്കുന്നു...... എല്ലാ വായനക്കാരും സഹകരിക്കുമല്ലോ.......

24 April 2010

ഐ.ടി. ഇനി പ്രത്യേക വിഷയമല്ല എല്ലാ വിഷയത്തിലും ഐ.ടി പാഠം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ വിവരസാങ്കേതികവിദ്യ (ഐ.ടി) പഠനത്തിന്റെ രീതി മാറുന്നു. പ്രത്യേക വിഷയമായി പഠിപ്പിക്കുന്നതിനു പകരം മറ്റു വിഷയങ്ങള്‍ കൂടുതല്‍ വ്യക്തമായി പഠിക്കാനുള്ള ഉപകരണമായി വിവര സാങ്കേതിക വിദ്യയെ മാറ്റിക്കൊണ്ടുള്ള പുതിയ സമ്പ്രദായത്തിന് ഇക്കൊല്ലം എട്ടാംക്ലാസ്സില്‍ തുടക്കം കുറിക്കും. ഐ.ടി ഒരു ലക്ഷ്യമല്ല, ഒരു ഉപകരണമാണെന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ വിദഗ്ദ്ധര്‍ തയ്യാറാക്കിയ ഏട്ടാംക്ലാസ് പുസ്തകത്തിന്റെ കരടുരൂപത്തിന് കഴിഞ്ഞദിവസം പാഠ്യപദ്ധതി സമിതി അംഗീകാരം നല്‍കി.

ഐ.ടി ഒരു പ്രത്യേക വിഷയമെന്ന നിലയ്ക്കാണ് പുസ്തകങ്ങള്‍ രൂപകല്പന ചെയ്യുന്നത്. ഇന്ത്യയിലാദ്യമായാണ് ഐ.ടി, മറ്റു വിഷയങ്ങള്‍ പഠിക്കാനുള്ള ഒരു ഉപകരണമെന്ന നിലയില്‍ പുസ്തകം രൂപകല്പന ചെയ്തിട്ടുള്ളതെന്ന് ഐ.ടി. അറ്റ് സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.അന്‍വര്‍ സാദത്ത് പറഞ്ഞു. എട്ടാം ക്ലാസ്സില്‍ കഴിഞ്ഞകൊല്ലം മാറിയ പാഠപുസ്തകങ്ങളിലെ ഉള്ളടക്കത്തിന് അനുസൃതമായാണ് ഐ.ടി.പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഐ.ടി പഠിപ്പിക്കാന്‍ പ്രത്യേകം അധ്യാപകരുണ്ടായിരിക്കില്ല. അതത് വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ തന്നെയാണ് ഐ.ടി.പഠിപ്പിക്കുക. വരകള്‍, വര്‍ണങ്ങള്‍, സമയമേഖല, ക്ലാസ് പത്രിക, രസതന്ത്രം, ജ്യാമതീയ നിര്‍മിതികള്‍, ഭൂപടവായന തുടങ്ങിയ അധ്യായങ്ങളാണ് എട്ടാംക്ലാസ്സിലെ പുതിയ ഐ.ടി.പുസ്തകത്തിലുള്ളത്. സമയമേഖല പഠിക്കാന്‍ സണ്‍ക്ലോക്ക്, ജ്യാമതീയ നിര്‍മിതികള്‍ കമ്പ്യൂട്ടറില്‍ തയ്യാറാക്കാന്‍ ജിയോജിബ്ര, ഭൂപടങ്ങള്‍ തയ്യാറാക്കാന്‍ 'എക്‌സാര്‍മാപ്' എന്നീ സ്വതന്ത്ര സോഫ്ട്‌വെയര്‍ പാക്കേജുകളും വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയിട്ടുണ്ട്. ഒപ്പം സാധാരണ ഐ.ടി വിഷയത്തിലുള്ള വേഡ് പ്രോസസിങ്, സ്‌പ്രെഡ്ഷീറ്റ് തുടങ്ങിയ പ്രോഗ്രാമുകളും പഠിപ്പിക്കും.

സ്വതന്ത്ര സോഫ്ട്‌വെയര്‍ ഉപയോഗിച്ച് തയ്യാറാക്കിയ പ്രോഗ്രാമുകള്‍ ആയതുകൊണ്ട് തന്നെ ഓരോ സ്‌കൂളിനും ആവശ്യമായ തരത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താന്‍ കഴിയുമെന്നും ഐ.ടി. അറ്റ് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഉദാഹരണത്തിന് ജിയോജിബ്ര എന്ന സോഫ്റ്റ്‌വേര്‍ സാമൂഹികശാസ്ത്രത്തിലെ രചനകള്‍ക്ക് മാത്രമല്ല ജീവശാസ്ത്രത്തിലെ കോശങ്ങളെ സംബന്ധിച്ചുള്ള അധ്യായങ്ങള്‍ക്കും ഉപയുക്തമാക്കാന്‍ കഴിയും. കേരള സര്‍വകലാശാലാ ബയോ ഇന്‍ഫര്‍മാറ്റിക്‌സ് വിഭാഗം തലവന്‍ ഡോ. അച്യുത് ശങ്കര്‍ എസ്. നായര്‍ ഉപദേശകനും കെ.അന്‍വര്‍ സാദത്ത് അധ്യക്ഷനുമായ സമിതിയാണ് എട്ടാംക്ലാസ്സിലെ പുതിയ പുസ്തകം തയ്യാറാക്കിയത്. വരും വര്‍ഷങ്ങളില്‍ ഒമ്പത്, പത്ത് ക്ലാസുകളിലെ ഐ.ടി.പുസ്തകങ്ങളും ഈ രീതിയിലേക്ക് മാറും. പുതിയ രീതിയില്‍ കുട്ടികളെ പഠിപ്പിക്കാന്‍ എട്ടാംക്ലാസ്സിലെ മുഴുവന്‍ അധ്യാപകര്‍ക്കും മെയ് മാസത്തില്‍ പരിശീലനം നല്‍കും.

19 April 2010

നഷ്ടസ്വപ്നം‍

രാവിന്‍ യാമങ്ങളില്‍ നിന്‍രൂപമായാതെന്നെ
തേടിയെത്തുന്നൂ ചേതോഹരമായ്
എത്രയോ കാലങ്ങളില്‍ മറക്കാതെ
നിന്ന നിന്‍ രൂപത്തിനില്ലയോ ശാന്തരൂപം
വരണ്ട മരുഭൂമിയില്‍ ദാഹജലമായ്
നിന്റെ ഓര്‍മ്മകള്‍ ഓടിയെത്തുമല്ലോ
എന്നുടെ നഷ്ടസ്വര്‍ഗ്ഗങ്ങളില്‍
ദീപനാളമായി നീയെത്തിയല്ലോ
കലിതുള്ളിയെത്തുന്ന പേമാരിയില്‍
ഒരാശ്വാസമായി നിന്നെ ഞാന്‍ കണ്ടുവല്ലോ
ചുട്ടുപൊള്ളും കൊടുംവേനലില്‍
തണലായി നീ വന്നുവല്ലോ.
വേനല്‍മഴയിലും വേനല്‍ചൂടിലും
ഒരു നേര്‍ത്ത രാഗമായ് നീയണഞ്ഞു
ഇന്നെന്റെ മോഹങ്ങള്‍ക്കില്ലയീ സ്വപ്നങ്ങള്‍
ഒന്നുമേ ഓര്‍ത്തോര്‍ത്തിരിക്കാന്‍
നാളേറെയായ് ഋതുക്കള്‍ മാഞ്ഞകലുമ്പോള്‍
നിന്നെ ഞാനെന്‍ ഓര്‍മ്മതന്‍ ചെപ്പിലടച്ചുവയ്ക്കും

പി.ഗീത
എസ്സ്.എന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.‍ഡി.പി. എച്ച്.എസ്സ്.എസ്സ്,കിളിരൂ൪

18 April 2010

അദ്ധ്യാപകരുടെ അവധിക്കാല പരിശീലനം ധാരണയായി

അദ്ധ്യാപകരുടെ അവധിക്കാല പരിശീലനം മെയ് മാസം 10-ന്

ആരംഭിച്ച് 28-ന് അവസാനിക്കും. പ്രൈമറി അദ്ധ്യാപകരുടെ പരിശീലനം

പത്തുദിവസവും ഹൈസ്ക്കൂള്‍ അദ്ധ്യാപകരുടെ ആറു ദിവസവും ആയിരിക്കും

എന്നാണ് ധാരണയായിട്ടുള്ളത്.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്

ചേര്‍ന്ന കരിക്കുലം കമ്മറ്റിയാണ് തീരുമാനം എടുത്തത്.

14 April 2010

പുസ്തകപരിചയം

പുസ്തകപരിചയം

(കടപ്പാട്-മാതൃഭൂമി പത്രം)

നടപ്പ് - ഒ.രാജേഷ്

വ്യഥകളും ഭീദിതനിരീക്ഷണങ്ങളും ദാര്‍ശനികബോധ്യങ്ങളും വിമര്‍ശനങ്ങളും

ആസ്വാദനങ്ങളും ആശങ്കകളും സമര്‍ത്ഥമായി പങ്കുവയ്ക്കുന്ന കവിതകള്‍

(കേരള ബുക് ട്രസ്റ്റ്-50 രൂപ)

ഓണപ്പന്ത്- വൈരശ്ശേരി

താളബോധവും സ്നേഹഭാവനയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആധുനിക ലോകത്ത്

ബാലമനസ്സുകള്‍ക്ക്ഹൃദയതാളമായും സ്നേഹഗീതമായും അവരെ ഭാവനയുടെ

ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ബാലകവിതകള്‍

(സി.കെ.ബുക്സ് പബ്ലിക്കേഷന്‍‍‍‍‍‍‍‍സ്-35 രൂപ)

ഇരവിക്കുട്ടിപ്പിള്ളപ്പോര് ഒരു പഠനം

(‍‍‍‍ഡോ.തിക്കുറിശ്ശി ഗംഗാധരന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍)

തെക്കന്‍‍‍ തിരുവിതാം കൂറിലെ വീരഗാഥയായഇരവിക്കുട്ടിപ്പിള്ളപ്പോര്

പൂര്‍ണ്ണമായി രേഖപ്പെടുത്തുകയും അതിനു സാഹിത്യപരവും ഭാഷാപരവും

ചരിത്രപരവുമായി വ്യാഖ്യാനം നല്‍കുകയും ചെയ്യുന്ന പുസ്തകം

(സാഹിത്യകൈരളി-175രൂപ)

ശില്പിയുടെ സ്വപ്നം

(ശ്യാം.സി)

മനുഷ്യവികാരങ്ങളുടെ ദീപ്തമായ പ്രകാശനമാകുന്ന നോവല്‍ ഗ്രാമീണ

പശ്ചാത്തലത്തില്‍ വികസിക്കുന്ന ഇതിവൃത്തം

ബാലകഥാമൃതം

(‍ഡോ.കെ.എച്ച്.സുബ്രഹ്മണ്യന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍)

വായിച്ചു തുടങ്ങുന്ന കുട്ടികള്‍ക്ക് ഉപയോഗപ്രദമാകുന്ന കൃതി പതിനൊന്നു

കഥകള്‍ ഉള്‍പ്പെടുന്ന പുസ്തകം

(സമയം പബ്ലിക്കേഷന്‍‍‍‍‍‍‍‍സ്-40രൂപ)

കനല്‍ നോവുകള്‍

(പി.കെ.ഭാഗ്യലക്ഷ്മി)

അസാധാരണവും സുന്ദരവുമായ ഭാഷാശൈലികൊണ്ട് അനുവാചക ഹൃദയങ്ങളെ

ആസ്വാദനത്തിന്റ പുത്തന്‍ പറുദീസയിലെത്തിക്കുന്ന പതിനേഴുകഥകള്‍

(സമയം പബ്ലിക്കേഷന്‍‍‍‍‍‍‍‍സ്-40രൂപ)

6 April 2010

"ലോങ്ങ് ബെല്‍" - ഷോര്‍ട്ട് ഫിലിം

ടൈറ്റില്‍

ഭാഗം - 1


ഭാഗം - 2


ഭാഗം - 3

സംവിധാനം എം കെ സുര്യനാരായണന്‍
എച്ച് എസ് മലയാളം
ഗവ.വി.എച്ച്.എസ്.എസ് വൈക്കം വെസ്റ്റ്
കടുത്തുരുത്തി വിദ്യാഭ്യാസജില്ല

4 April 2010

ദൃശ്യ വിസ്മയങ്ങളുടെ കാലിഡോസ്ക്കോപ്പ്


ഗ്രന്ഥം - പനാമ-പെറു - മച്ചുപിച്ചു യാത്ര
രചന -
എ.സി ചാക്കോ
വിതരണം- കറന്റ്
ബുക്ക് സ്

സഞ്ചാരിയായ മനുഷ്യന് എന്നും ഹരം പകര്‍ന്നിട്ടുള്ളവയാണ് യാത്രകള്‍. അറിയാത്ത ദേശങ്ങള്‍ കണ്ടെത്താനും അജ്ഞാത തീരത്തെ സൗന്ദര്യം ആസ്വദിക്കാനും മനുഷ്യന്‍ എന്നും കൗതുകമുള്ളവനാണ്. അത് പിന്നീട് പുതിയ സാമ്രാജ്യങ്ങളുടെ വെട്ടിപ്പിടിക്കലില്‍ കലാശിച്ചു എന്ന് ചരിത്രത്തിന്റെ രക്ത സാക്ഷ്യം . എങ്കിലും സഞ്ചരിച്ച വഴികളിലെ ദൃശ്യങ്ങള്‍ ചാരുതയോടെ പകര്‍ത്താനും പിന്‍ തലമുറയ്ക്ക് ഒരു സംസ്ക്കാരച്ചെപ്പ് തുറന്നു കാട്ടാനും സഞ്ചാരികളെപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഇത് സഞ്ചാര സാഹിത്യ രംഗത്ത് എന്നും തിളക്കമുള്ള നക്ഷത്രങ്ങളായി പരിലസിക്കുന്നു.
സഞ്ചാര സാഹിത്യ രംഗത്തെ പുത്തന്‍ ദൃശ്യ സൗന്ദര്യമാണ് .സി ചാക്കോ രചിച്ച "പനാമ-പെറു - മച്ചുപിച്ചു യാത്ര " പസഫിക് അറ്റ്ലാന്റിക് മഹാ സമുദ്രങ്ങള്‍ക്കിടയില്‍ ഒരു കോട്ട പോലെ സ്ഥിതി ചെയ്യുന്ന പ്രകൃതി സൗന്ദര്യത്താല്‍ അനുഗ്രഹീതമായ പനാമ യിലൂടെയും പെറുവിലൂടെയും ലേഖകന്‍ നടത്തിയാത്രയുടെ അനുഭവങ്ങള്‍ ഈഗ്രന്ഥത്തില്‍ ഹൃദയഹാരിയായി അവതരിപ്പിച്ചിരിക്കുന്നു.
ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസമെന്ന് വിശേഷിപ്പിക്കാവുന്ന പനാമാ കനാലും ഇന്‍കാ സംസ്ക്കാര കേന്ദ്രവും ലോകാത്ഭുതമായി നിലകൊള്ളുന്ന മച്ചുപിച്ചുവും ഒരു മഹാത്ഭുതമായി വിശേഷിപ്പിക്കാവുന്ന റ്റി റ്റി കക്കാ തടാകവും വായനക്കാരനു മുമ്പില്‍ ഒരു രവിവര്‍മ്മ ചിത്രത്തിലെന്നപോലെ പ്രത്യക്ഷപ്പെടുന്നു.
ഗ്രന്ഥകാരന്‍ പ്രസിദ്ധീകരിച്ച് കറന്റ് ബുക്ക് വിതരണം ചെയ്യുന്ന സഞ്ചാര സാഹിത്യ ഗ്രന്ഥം യാത്ര ഇഷ്ടപ്പെടുന്ന ഏത് വായനക്കാരനും അനുഭവങ്ങളുടെ പുതിയ ചക്രവാളങ്ങള്‍ തുറന്നിടുക തന്നെ ചെയ്യും.

കെ.എം.ജോസഫ്

ഗവ. എച്ച് എസ് ഇടക്കോലി - പാലാ വിദ്യാഭ്യാസ ജില്ല

Followers