തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ വിവരസാങ്കേതികവിദ്യ (ഐ.ടി)
പഠനത്തിന്റെ രീതി മാറുന്നു. പ്രത്യേക വിഷയമായി പഠിപ്പിക്കുന്നതിനു പകരം
മറ്റു വിഷയങ്ങള്‍ കൂടുതല്‍ വ്യക്തമായി പഠിക്കാനുള്ള ഉപകരണമായി വിവര
സാങ്കേതിക വിദ്യയെ മാറ്റിക്കൊണ്ടുള്ള പുതിയ സമ്പ്രദായത്തിന് ഇക്കൊല്ലം
എട്ടാംക്ലാസ്സില്‍ തുടക്കം കുറിക്കും. ഐ.ടി ഒരു ലക്ഷ്യമല്ല, ഒരു
ഉപകരണമാണെന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ വിദഗ്ദ്ധര്‍ തയ്യാറാക്കിയ
ഏട്ടാംക്ലാസ് പുസ്തകത്തിന്റെ കരടുരൂപത്തിന് കഴിഞ്ഞദിവസം പാഠ്യപദ്ധതി സമിതി
അംഗീകാരം നല്‍കി.
ഐ.ടി ഒരു പ്രത്യേക വിഷയമെന്ന നിലയ്ക്കാണ്
പുസ്തകങ്ങള്‍ രൂപകല്പന ചെയ്യുന്നത്. ഇന്ത്യയിലാദ്യമായാണ് ഐ.ടി, മറ്റു
വിഷയങ്ങള്‍ പഠിക്കാനുള്ള ഒരു ഉപകരണമെന്ന നിലയില്‍ പുസ്തകം രൂപകല്പന
ചെയ്തിട്ടുള്ളതെന്ന് ഐ.ടി. അറ്റ് സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
കെ.അന്‍വര്‍ സാദത്ത് പറഞ്ഞു. എട്ടാം ക്ലാസ്സില്‍ കഴിഞ്ഞകൊല്ലം മാറിയ
പാഠപുസ്തകങ്ങളിലെ ഉള്ളടക്കത്തിന് അനുസൃതമായാണ് ഐ.ടി.പുസ്തകം
തയ്യാറാക്കിയിട്ടുള്ളത്. ഐ.ടി പഠിപ്പിക്കാന്‍ പ്രത്യേകം
അധ്യാപകരുണ്ടായിരിക്കില്ല. അതത് വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍
തന്നെയാണ് ഐ.ടി.പഠിപ്പിക്കുക. വരകള്‍, വര്‍ണങ്ങള്‍, സമയമേഖല, ക്ലാസ്
പത്രിക, രസതന്ത്രം, ജ്യാമതീയ നിര്‍മിതികള്‍, ഭൂപടവായന തുടങ്ങിയ
അധ്യായങ്ങളാണ് എട്ടാംക്ലാസ്സിലെ പുതിയ ഐ.ടി.പുസ്തകത്തിലുള്ളത്. സമയമേഖല
പഠിക്കാന്‍ സണ്‍ക്ലോക്ക്, ജ്യാമതീയ നിര്‍മിതികള്‍ കമ്പ്യൂട്ടറില്‍
തയ്യാറാക്കാന്‍ ജിയോജിബ്ര, ഭൂപടങ്ങള്‍ തയ്യാറാക്കാന്‍ 'എക്‌സാര്‍മാപ്'
എന്നീ സ്വതന്ത്ര സോഫ്ട്‌വെയര്‍ പാക്കേജുകളും വിദ്യാര്‍ത്ഥികള്‍ക്കായി
തയ്യാറാക്കിയിട്ടുണ്ട്. ഒപ്പം സാധാരണ ഐ.ടി വിഷയത്തിലുള്ള വേഡ് പ്രോസസിങ്,
സ്‌പ്രെഡ്ഷീറ്റ് തുടങ്ങിയ പ്രോഗ്രാമുകളും പഠിപ്പിക്കും.
സ്വതന്ത്ര സോഫ്ട്‌വെയര്‍ ഉപയോഗിച്ച് തയ്യാറാക്കിയ പ്രോഗ്രാമുകള്‍
ആയതുകൊണ്ട് തന്നെ ഓരോ സ്‌കൂളിനും ആവശ്യമായ തരത്തില്‍
കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താന്‍ കഴിയുമെന്നും ഐ.ടി. അറ്റ് സ്‌കൂള്‍
അധികൃതര്‍ അറിയിച്ചു. ഉദാഹരണത്തിന് ജിയോജിബ്ര എന്ന സോഫ്റ്റ്‌വേര്‍
സാമൂഹികശാസ്ത്രത്തിലെ രചനകള്‍ക്ക് മാത്രമല്ല ജീവശാസ്ത്രത്തിലെ കോശങ്ങളെ
സംബന്ധിച്ചുള്ള അധ്യായങ്ങള്‍ക്കും ഉപയുക്തമാക്കാന്‍ കഴിയും. കേരള
സര്‍വകലാശാലാ ബയോ ഇന്‍ഫര്‍മാറ്റിക്‌സ് വിഭാഗം തലവന്‍ ഡോ. അച്യുത് ശങ്കര്‍
എസ്. നായര്‍ ഉപദേശകനും കെ.അന്‍വര്‍ സാദത്ത് അധ്യക്ഷനുമായ സമിതിയാണ്
എട്ടാംക്ലാസ്സിലെ പുതിയ പുസ്തകം തയ്യാറാക്കിയത്. വരും വര്‍ഷങ്ങളില്‍
ഒമ്പത്, പത്ത് ക്ലാസുകളിലെ ഐ.ടി.പുസ്തകങ്ങളും ഈ രീതിയിലേക്ക് മാറും. പുതിയ
രീതിയില്‍ കുട്ടികളെ പഠിപ്പിക്കാന്‍ എട്ടാംക്ലാസ്സിലെ മുഴുവന്‍
അധ്യാപകര്‍ക്കും മെയ് മാസത്തില്‍ പരിശീലനം നല്‍കും.
No comments:
Post a Comment