മലയാളം അധ്യാപനവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ക്ഷണിക്കുന്നു...... എല്ലാ വായനക്കാരും സഹകരിക്കുമല്ലോ.......

16 July 2010

വൈലോപ്പിള്ളി ശ്രീധരമേനോന്‍


ജീവിതയാഥാര്‍ഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകള്‍ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോന്‍ .(വൈലോപ്പിള്ളി,1911 മെയ്‌ 11, 1985 ഡിസംബര്‍ 22). എറണാകുളം ജില്ലയില്‍ തൃപ്പൂണിത്തുറയില്‍ ജനിച്ചു. മലയാളിയുടെ ഏറ്റവും സൂക്ഷ്മമായ രഹസ്യങ്ങളില്‍ രൂപകങ്ങളുടെ വിരലുകള്‍കൊണ്ട്‌ സ്പര്‍ശിച്ച കവിയാണ്‌ വൈലോപ്പിള്ളി. എല്ലാ മരുഭൂമികളെയും നാമകരണം ചെയ്തു മുന്നേറുന്ന അജ്ഞാതനായ പ്രവാചകനെപ്പോലെ മലയാളിയുടെ വയലുകള്‍ക്കും തൊടികള്‍ക്കും സഹ്യപര്‍വ്വതത്തിനും കയ്പവല്ലരിയ്ക്കും മണത്തിനും മഴകള്‍ക്കുമെല്ലാം കവിതയിലൂടെ അനശ്വരതയുടെ നാമം നല്കിയ വൈലോപ്പിള്ളി, കേരളത്തിന്റെ പുല്‍നാമ്പിനെ നെഞ്ചിലമര്‍ത്തിക്കൊണ്ട്‌ എല്ലാ സമുദ്രങ്ങള്‍ക്കും മുകളില്‍ വളര്‍ന്നു നില്‍ക്കുന്നു.മാമ്പൂവിന്റെ മണവും കൊണ്ടെത്തുന്‍ന വൃശ്ചികക്കാറ്റ്‌ മലയാളിയുടെ ഓര്‍മ്മകളിലേക്ക്‌ സങ്കടത്തിന്റെ ഒരശ്രുധാരയും കൊണ്ടുവരുന്നുണ്ടുണ്ട്‌. വൈലോപ്പിള്ളിയുടെ മാമ്പഴത്തിലൂടെ മലയാളി അനുഭവിച്ചറിഞ്ഞ ആ പുത്രദുഃഖം,ഒരു പക്ഷേ, ഭൂമിയുടെ അനശ്വരമായ മാതൃത്വത്തിലേക്ക്‌ തിരിച്ചുപോയ പുത്രന്മാരുടെയും ജനപദങ്ങളുടെയും ഖേദമുണര്‍ത്തുന്നു.1985 ഡിസംബര്‍ മാസം 22-ന്‌ അന്തരിച്ചു."ശ്രീ" എന്ന തൂലികാനാമത്തില്‍ എഴുതിത്തുടങ്ങിയ കവിയുടെ കവിതകള്‍ പലതും കേരളത്തിൽ ഒരു ഭാവുകപരിവർത്തനം സൃഷ്ടിച്ചു. കേരളത്തില്‍ അവസാന പിടിമുറുക്കൽ, സാമൂഹികവും സാമുദായികവുമായ ഒരു മൂല്യവല്‍ക്കരണ സമയം, ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനങ്ങള്‍ തികഞ്ഞലക്ഷ്യത്തോടെ മുന്നോട്ട്‌ കുതിക്കുന്നു. രണ്ട്‌ ലോകമഹായുദ്ധങ്ങള്‍ കണ്ട ഭൂമി, അതിന്റെ ഫലമായുണ്ടായ പട്ടിണിയും ദാരിദ്ര്യവും, എന്നിങ്ങനെ തികച്ചും അശാന്തമായ ഒരു കാലഘട്ടത്തിലാണ്‌ കവി തന്റെ യൌവനം കഴിച്ചു കൂട്ടിയത്‌. കാലവും ലോകവും മാറുന്നു എന്നതാണ്‌ വൈലോപ്പിള്ളി കവിതയുടെ ആധാരശില.വൈലോപ്പിള്ളിയുടെ സമപ്രായക്കാരനും, അടുത്തടുത്ത ഗ്രാമങ്ങളില്‍ ജനിച്ചവരുമായിരുന്ന ചങ്ങമ്പുഴയുടേയും, ഇടപ്പള്ളി രാഘവന്‍ പിള്ളയുടെയും കാല്‍പ്പനിക പ്രസ്ഥാനങ്ങള്‍ മലയാള കവിതാ രംഗത്തില്‍ വെന്നിക്കൊടി പാറിച്ച്‌ നിക്കുന്ന അവസരത്തല്‍ അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി യാഥാര്‍ഥ്യത്തിന്റെ ഒരു പാത വെട്ടിത്തെളിച്ചെടുത്തവരില്‍ ഒരാളായിരുന്നു വൈലോപ്പിള്ളി. ഇടശ്ശേരി ഗോവിന്ദന്‍ നായര്‍, എന്‍.വി. കൃഷ്ണവാര്യര്‍ മുതലായവരായിരുന്നു അദ്ദേഹത്തിന്റെ സമപ്രായക്കാരും സമശൈലീയരും ആയിരുന്ന ചിലര്‍.
ജീവിത യാഥാര്‍ഥ്യബോധം
തികച്ചും വ്യത്യസ്തമായ ഒരു ജീവിത ബോധം ആണ്‌ കവിയുടെ കവിതകളില്‍ വായിച്ചെടുക്കാം, ജീവിതം പരാജയത്തെ അഭിമുഖീകരിക്കുന്നതും ആ കവിതകളില്‍ കാണാം, പക്ഷേ ഒരു പിന്തിരിയലോ കീഴടങ്ങലോ കവിതകളില്‍ കാണാന്‍ കഴിയില്ല. യാഥാര്‍ഥ്യബോധത്തില്‍ അടിയുറച്ചിരുന്നതുകൊണ്ട്‌ അക്കവിതകളില്‍ അസാമാന്യ ദൃഢത ഉണ്ടായി, "എല്ലുറപ്പുള്ള കവിത" എന്നാണ്‌കടല്‍ കാക്കകള്‍ എന്ന സമാഹാരത്തിന്റെ അവതാരികയി പി. എ. വാര്യര്‍ എഴുതിയത്‌. അനാവശ്യമായി ഒരൊറ്റ വാക്കു പോലും ഉപയോഗിക്കാതിരിക്കുക എന്നതാണ്‌ വൈലോപ്പിള്ളിയുടെ രീതി "എന്തോ വ്യത്യാസമുണ്ടാ കൃതികൾക്ക്‌, വെറും പാലുപോലുള്ള കവിതകളല്ല, കാച്ചിക്കുറുക്കിയ കവിത" എന്ന് എം.എന്‍. വിജയന്‍ ആ ശൈലിയെ വിശേഷിപ്പിച്ചതും മറ്റൊന്നും കൊണ്ടല്ല
ഒരു തലമുറയില്‍ നിന്ന് മറ്റൊരു തലമുറയിലേക്ക്‌ പകര്‍ന്നു കൊണ്ടു പോകുന്ന ഒരു നിരന്തരതയാണ്‌ കവിക്ക്‌ ജീവിതം. ഇന്നു വിതക്കുന്ന വിത്ത്‌ ലോകത്ത്‌ ആദ്യം നട്ട വിത്തിന്റെ നൈരന്തര്യം ആണ്‌. ഇവിടുത്തെ നാളത്തെ പാട്ട്‌ ഇന്നിന്റെ പാട്ടിന്റെ തുടര്‍ച്ച തന്നെ ആണ്‌.
കേരള ഗ്രാമജീവിതം വൈലോപ്പിള്ളിയുടെ ഇഷ്ടവിഷയങ്ങളിൽ ഒന്നായിരുന്നു, കൊയ്തും, മെതിയും, നാട്ടുമ്പുറവും കവിയെ ഏറെ പ്രചോദിപ്പിച്ചു. പ്രകൃതിയുടെ കേവലസൗന്ദര്യത്തെ വര്‍ണ്ണിക്കുന്ന മറ്റുള്ള കവികളിൽ നിന്ന് വ്യത്യസ്തമായി പ്രകൃതിയും മനുഷ്യനും ചേരുമ്പോഴുണ്ടാകുന്ന സമഗ്രസൗന്ദര്യമായിരുന്നു അദ്ദേഹത്തിന്‌ പ്രിയങ്കരം.
"ഏതു ധൂസരസങ്കല്‍പ്പത്തില്‍ വളര്‍ന്നാലും,
ഏതു യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും,
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും"
(കയ്പവല്ലരി)
എന്നാണ്‌ കവി ആഗ്രഹിച്ചതു തന്നെ.
കവിതകള്‍
കന്നിക്കൊയ്ത്ത് (1947)
ശ്രീരേഖ (1950)
കുടിയൊഴിയ്ക്കല്‍ (1952)
ഓണപ്പാട്ടുകാര്‍(1952)
വിത്തും കൈക്കോട്ടും (1956)
കടല്‍ക്കാക്കകള്‍ (1958)
കയ്പ്പവല്ലരി (1963)
വിട (1970)
മകരക്കൊയ്ത്ത് (1980)
പച്ചക്കുതിര (1981)
കുന്നിമണികള്‍ (1954)
മിന്നാമിന്നി(1981)
കുരുവികള്‍ (1961)
വൈലോപ്പിള്ളിക്കവിതകള്‍ (1984)
മുകുളമാല(1984)
കൃഷ്ണമൃഗങ്ങള്‍ (1986)
അന്തിചായുന്നു(1995)
മറ്റു കൃതികള്‍
ഋശ്യശൃംഗനും അലക്സാണ്ടറും(നാടകം-1956)
കാവ്യലോകസ്മരണകള്‍ (സ്മരണകള്‍ -1988)
അസമാഹൃത രചനകള്‍ (സമ്പൂണ്ണകൃതികളില്‍)
വൈലോപ്പിള്ളി സമ്പൂര്‍ണ്ണകൃതികള്‍ - വാള്യം 1,2 (2001)

2 comments:

  1. കണ്ണീര്‍പ്പാടം എനിക്കു മറക്കാനാവാത്ത കവിതയാണ്.

    ReplyDelete
  2. യാദ്രിശ്ചികമായിട്ടാണ് ഇവിടെയെത്തിയത്

    ReplyDelete

Followers